ശിവസേന ഷിൻഡെയ്ക്ക്; ഉദ്ധവിന് തിരിച്ചടി
Friday, February 17, 2023 11:20 PM IST
മുംബൈ: ശിവസേന എന്ന പേരും "അമ്പും വില്ലും' തെരഞ്ഞെടുപ്പ് ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നയിക്കുന്ന വിഭാഗത്തിന് അനുവദിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നൽകി. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന പക്ഷത്തിന് വൻ തിരിച്ചടി നൽകുന്ന തീരുമാനമാണിത്.
പാർട്ടിയുടെ നിലവിലുള്ള ഭരണഘടന ജനാധിപത്യവിരുദ്ധമാണെന്നും ക്രമക്കേടുകൾ നടത്തി ഇതിൽ ഭേദഗതി വരുത്തിയെന്നും കമ്മീഷൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്താതെ ചിലരെ പാർട്ടിയുടെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് നടന്നത്. ഭാരവാഹി തെരഞ്ഞെടുപ്പ് സുതാര്യമായ രീതിയിൽ നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പാർട്ടിയുടെ ആകെയുള്ള 55 എംഎൽഎമാരിൽ 40 പേരും ഷിൻഡെ പക്ഷത്തിനൊപ്പമാണെന്നും ഉദ്ധവ് പക്ഷത്തിന് 15 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും കമ്മീഷൻ കണ്ടെത്തി. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ എംഎൽഎമാർ നേടിയ ആകെ വോട്ടുകളുടെ എണ്ണത്തിൽ ഷിൻഡെ പക്ഷത്തുള്ളവരുടെ വോട്ടുകൾ ഉദ്ധവ് വിഭാഗത്തെക്കാൾ 53 ശതമാനം കൂടുതലാണ്.
സമാനമായ രീതിയിൽ പാർട്ടിയുടെ ആകെയുള്ള 18 എംപിമാരിൽ 15 പേരുടെ പിന്തുണ ഷിൻഡെയ്ക്ക് ആണെന്നും ഇവർ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ ഉദ്ധവ് വിഭാഗത്തിലെ അഞ്ച് എംപിമാർ നേടിയ വോട്ടിനെക്കാൾ 37 ശതമാനം കൂടുതലാണെന്നും കണ്ടെത്തി.
തർക്കത്തെത്തുടർന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കമ്മീഷൻ മരവിപ്പിച്ചിരുന്നു. "രണ്ട് വാളുകളും പരിചയും' ചിഹ്നം താൽക്കാലികമായി ഉപയോഗിച്ചിരുന്ന ഷിൻഡെ പക്ഷത്തിന് ഇനി പാർട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും ഉപയോഗിക്കാം.