ആവേശപ്പോരിൽ സിറ്റി; ഗണ്ണേഴ്സിന് ഒന്നാം സ്ഥാനം നഷ്ടം
Thursday, February 16, 2023 6:10 AM IST
ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ആഴ്സനലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. 3-1 എന്ന സ്കോറിനാണ് എമിറേറ്റ്സ് മൈതാനത്ത് ഗണ്ണേഴ്സിനെ സിറ്റി വീഴ്ത്തിയത്.
24-ാം മിനിറ്റിൽ കെവിൻ ഡിബ്രൂയൻ സിറ്റിക്കായി ലീഡ് നേടി. 42-ാം മിനിറ്റിലെ സ്പോട് കിക്കിലൂടെ ബുക്കോയോ സാക്ക മത്സരം സമനിലയിലാക്കി. 58-ാം മിനിറ്റിൽ സിറ്റിക്ക് പെനൽറ്റി അവസരം ലഭിച്ചെങ്കിലും വാർ പരിശോധനയിൽ സ്പോട് കിക്ക് തള്ളിക്കളഞ്ഞു.
ഫൗളുകളും മഞ്ഞക്കാർഡുകളുമായി മുന്നേറിയ മത്സരത്തിന്റെ ഗതിമാറിയത് 70-ാം മിനിറ്റിന് ശേഷമാണ്. 71-ാം മിനിറ്റിൽ ലഭിച്ച ത്രൂ പാസ് എർലിംഗ് ഹാലൻഡ് ഐക്കർ ഗുണ്ടോവന് മറിച്ചുനൽകി. എന്നാൽ സമർഥമായ പന്ത് ലീവ് ചെയ്ത ഗുണ്ടോവൻ, ജാക്ക് ഗ്രീലിഷിന്റെ മനോഹര ഫിനിഷിംഗ് ഷോട്ടിന് പ്രധാന സാക്ഷിയായി. 82-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി ഹാലൻഡ് അതിഥികളുടെ വിജയം ഉറപ്പിച്ചു.
ജയത്തോടെ, 23 മത്സരങ്ങളിൽ 51 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. സമാന പോയിന്റുള്ള ആഴ്സനൽ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തേക്ക് വീണു.