പാക്കിസ്ഥാനിൽ പെട്രോളിന് പൊന്നുംവില; ലീറ്ററിന് 282 രൂപ
Wednesday, February 15, 2023 7:34 PM IST
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിൽ ജനത്തെ പൊള്ളിച്ച് ഇന്ധനവില കത്തിക്കയറുന്നു. വ്യാഴാഴ്ച മുതൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 32 രൂപ വർധിക്കാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പെട്രോൾ വില 12.8 ശതമാനം (32.07രൂപ) വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പെട്രോളിന് ലീറ്ററിന് 282 രൂപയാകും. നിലവിൽ ഒരു ലീറ്റർ പെട്രോളിന് 250 രൂപയാണ്. ഡീസൽ വില 12.5 ശതമാനം വർധിച്ച് (32.84 രൂപ) 295.64 രൂപയാകും. 262.8 രൂപയാണ് ഇപ്പോഴത്തെ വില. മണ്ണെണ്ണ വിലയും കൂടിയേക്കും. ലീറ്ററിന് 28.05 രൂപ കൂടി 217.88 ആയേക്കുമെന്നാണ് വിവരം.
കറൻസിയുടെ മൂല്യം ഗണ്യമായ ഇടിഞ്ഞതും എണ്ണ ഇറക്കുമതിച്ചെലവ് വർധിച്ചതും കാരണം പാക്കിസ്ഥാനിൽ പെട്രോൾ, ഡീസൽ വില കുറച്ചുകാലമായി കുതിച്ചുയരുകയാണ്. ഫെബ്രുവരി ഒന്ന് മുതൽ ഫെബ്രുവരി 15 വരെ പെട്രോൾ, ഡീസൽ വില ലിറ്ററിന് 35 രൂപ വീതം നേരത്തെ സർക്കാർ വർധിപ്പിച്ചിരുന്നു.