"താരങ്ങൾ കുത്തിവയ്പ്പ് എടുക്കുന്നു'; ഒളികാമറയിൽ കുടുങ്ങി ചേതൻ ശർമ
Tuesday, February 14, 2023 11:12 PM IST
മുംബൈ: ഒളികാമറ ഓപ്പറേഷനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ ചേതൻ ശർമ. ശാരീരികക്ഷമത വീണ്ടെടുക്കാനായി താരങ്ങൾ കുത്തിവയ്പ്പ് എടുക്കാറുണ്ടെന്നും വിരാട് കോഹ്ലി - സൗരവ് ഗാംഗുലി എന്നിവർ തമ്മിൽ കലഹം ആയിരുന്നുവെന്നും ശർമ പറയുന്നത് ഒളികാമറയിൽ കുടുങ്ങി.
സ്വകാര്യ ചാനൽ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പരിക്കേറ്റ താരങ്ങൾ 80 മുതൽ 85 ശതമാനം വരെ ശാരീരികക്ഷമത വീണ്ടെടുത്താലും കളിക്കളത്തിലേക്ക് വേഗം മടങ്ങാനായി സ്വന്തം നിലയിൽ കുത്തിവയ്പ്പുകൾ എടുക്കുന്നു. പരിക്കേറ്റ ജസ്പ്രീത ബുംറയെ ഉടൻ ടീമിലേക്ക് മടക്കിവിളിക്കുന്നത് തനിക്ക് താൽപര്യമില്ലെന്ന് ശർമ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
കുറച്ച് നാളുകൾക്കുള്ളിൽ രോഹിത് ശർമ ട്വന്റി -20 ഫോർമാറ്റിൽ നിന്ന് ഒഴിവാകും. രോഹിത് ശർമ, കോഹ്ലി എന്നിവർക്ക് വിശ്രമം നൽകേണ്ടി വരും. ഹാർദിക് പാണ്ഡ്യ ടീമിന്റെ അടുത്ത നായകനാകും. ഹാർദിക് അടക്കം പലർക്കും എന്നെ പരിപൂർണ വിശ്വാസമാണ്.
ബിസിസിഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലി കാരണമാണ് നായകസ്ഥാനം നഷ്ടമായതെന്ന് വിരാട് കോഹ്ലിക്ക് തോന്നി. ഗാംഗുലി രോഹിത് ശര്‍മയ്ക്ക് അനുകൂലമായിരുന്നില്ല, എന്നാല്‍ കോഹ്ലിയെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നുമില്ലെന്നും ചേതൻ ശർമ വെളിപ്പെടുത്തി.
നായകസ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഗാംഗുലി കോഹ്ലിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീഡിയോ കോൺഫെറൻസിംഗിനിടെ കോഹ്ലി ഇത് കേട്ടില്ലെന്ന് കരുതുന്നു. പിന്നീട് വാർത്താസമ്മേളനം നടത്തിയത് അനാവശ്യ കാര്യമാണ്. ഇതോടെ ബിസിസിഐ - താരത്തർക്കം എന്ന നിലയിൽ കാര്യങ്ങൾ എത്തി.