ആനമണ്ടത്തരവുമായി രാജസ്ഥാൻ മുഖ്യമന്ത്രി; നിയമസഭയില്‍ അവതരിപ്പിച്ചത് പഴയ ബജറ്റ്
Friday, February 10, 2023 3:33 PM IST
ജയ്പൂര്‍: രാജസ്ഥാൻ മുഖ്യമന്ത്രി അശോഖ് ഗെഹ്ലോട്ട് നിയമസഭയില്‍ അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്. എട്ട് മിനിറ്റിന് ശേഷം ഒപ്പമുള്ളവര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇക്കാര്യം മന്ത്രി തിരിച്ചറിഞ്ഞത്. പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയതോടെ അരമണിക്കൂറോളം സഭാ നടപടികള്‍ നിര്‍ത്തിവച്ചു.
2023-2024 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ഇന്ന് നിയമസഭയിലെത്തിയതാണ് അശോഖ് ഗെഹ്ലോട്ട്. ആദ്യ മൂന്ന് പാരഗ്രാഫുകളായി എട്ട് മിനിറ്റോളം മന്ത്രി ബജറ്റ് അവതരിപ്പിച്ചു. ഇതിനിടെ കോവിഡ് കാലത്തെക്കുറിച്ചടക്കം പരാമര്‍ശം ഉണ്ടായപ്പോഴാണ് ബജറ്റിലെ വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാന്‍ ഒപ്പമുള്ളവര്‍ ആവശ്യപ്പെട്ടത്.
ഈ സമയത്താണ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അമളി തിരിച്ചറിഞ്ഞ്. ഇതോടെ ഷെയിം, ഷെയിം മുദ്രാവാക്യം വിളികളുമായി ബിജെപി എംഎംഎല്‍മാര്‍ ബഹളം വച്ചതോടെ അരമണിക്കൂറോളം സഭാ നടപടികള്‍ നിര്‍ത്തിവച്ചു. അല്പസമയത്തിനകം സഭ വീണ്ടും ചേരും.
എന്നാല്‍ അബദ്ധം പറ്റിയ കാര്യം കോണ്‍ഗ്രസ് ഇതുവരെ അംഗീകരിക്കാന്‍ തയാറായിട്ടില്ല. കഴിഞ്ഞ ബജറ്റിലെ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണുണ്ടായതെന്നാണ് കോണ്‍ഗ്രസ് വാദം.
രാജ്യസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള ഗെഹ്ലോട്ട് സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ബജറ്റിന്റെ ലൈവ് സ്ട്രീമിംഗ് സംപ്രേക്ഷണം ചെയ്തിരുന്നു.