പയ്യന്നൂരിലെ ഉത്സവവേദിയിൽ ഭക്ഷ്യവിഷബാധ; 100 പേർ ആശുപത്രിയിൽ
Thursday, February 9, 2023 9:12 PM IST
കണ്ണൂർ: പയ്യന്നൂരിലെ പെരുങ്കളിയാട്ട മഹോത്സവ വേദിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നൂറിലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവനഗരിയിൽ വിറ്റ ഐസ്ക്രീമും ലഘുഭക്ഷണവും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
മുച്ചിലോട്ട് പെരുങ്കളിയാട്ട ഉത്സവത്തിനിടെയാണ് അപകടം സംഭവിച്ചത്. പനിയും ഛർദിയും അവശതയും അനുഭവപ്പെട്ട ആളുകൾ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായാണ് ചികിത്സ തേടിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.