തിരുവനന്തപുരം: ധനവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട്. റവന്യൂ കുടിശിക പിരിക്കുന്നതില്‍ വന്‍ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ കാരണം നികുതിപിരിവിലെ കെടുകാര്യസ്ഥതയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ട്. റവന്യൂ വരുമാനത്തെയും ചെലവിനെയും കുറിച്ചുള്ള റിപ്പോര്‍ട്ട് ധനവകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെ നടപടികളെ വിമര്‍ശിക്കുന്നുണ്ട്.

അഞ്ച് വര്‍ഷമായി 7,100 കോടി രൂപയുടെ കുടിശിക പിരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 12 വകുപ്പുകളിലാണ് കുടിശിക പിരിക്കുന്നതില്‍ ഏറ്റവുമധികം വീഴ്ചയുണ്ടായത്. .

തെറ്റായ നികുതി പ്രയോഗിച്ചതിനാല്‍ 11 കോടി രൂപയുടെ കുറവ് വേറെയുണ്ടായി. നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തത് മൂലം 7.54 കോടിയുടെ നഷ്ടം ഉണ്ടായി. വാര്‍ഷിക റിട്ടേര്‍ണില്‍ അര്‍ഹതയില്ലാതെ ഇളവ് നല്‍കിയത് മൂലം 9.22 കോടിയുടെ കുറവുണ്ടായി.

എക്‌സൈസ് വകുപ്പിനെയും റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. വിദേശ മദ്യലൈസന്‍സുകള്‍ തെറ്റായി അനുവദിച്ചു. മദ്യലൈസന്‍സുകള്‍ അനധികൃതമായി കൈമാറ്റം ചെയ്തതിലൂടെ 26 ലക്ഷം രൂപയുടെ കുറവുണ്ടായി. ഇക്കാര്യത്തില്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയങ്ങളാണെന്ന് ധനവകുപ്പിന്‍റെ ആവർത്തിച്ചുള്ള വാദം. എന്നാല്‍ നികുതി പിരിവിലടക്കം ധനവകുപ്പിന് വലിയ വീഴ്ചയുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിന് തിരിച്ചടിയാകും.