എൻഐഎയുടെ ഹർജി തള്ളി: അലൻ ശുഹൈബിന്റെ ജാമ്യം റദാക്കില്ല
Wednesday, February 8, 2023 2:41 PM IST
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ശുഹൈബിന്റെ ജാമ്യം റദാക്കണമെന്ന എൻഐഎയുടെ ആവശ്യം കോടതി തള്ളി. കൊച്ചി എൻഐഎ കോടതിയുടെതാണ് തീരുമാനം.
അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് കോടതിയിൽ എൻഐഎ അപേക്ഷ സമർപ്പിച്ചത്. ഫേസ്ബുക്കിൽ അലൻ പോസ്റ്റുകളും വീഡിയോയും പങ്കുവയ്ക്കുന്നു എന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എൻഐഎയുടെ വാദം.
സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കരുതെന്ന് അലന് കോടതിയുടെ നിർദേശമുണ്ടായിരുന്നു. 2021 സെപ്റ്റംബറിലാണ് കോടതി അലന് ജാമ്യം നൽകിയത്.
2019 നവംബറിലാണ് അലനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിരുന്നു.