വെടിവച്ചിട്ട ബലൂണിന്റെ അവശിഷ്ടങ്ങൾ ചൈനയ്ക്ക് കൈമാറില്ല: യുഎസ്
Wednesday, February 8, 2023 1:35 PM IST
വാഷിംഗ്ടൺ: യുഎസ് വ്യോമസേന വെടിവച്ചിട്ട ചൈനയുടെ ആളില്ലാത്ത ബലൂൺ സഞ്ചാരപേടകത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായും വീണ്ടെടുക്കാൻ ശ്രമം. അറ്റ്ലാന്റിക് സമുദ്രത്തിൽ വീണ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശദമായ ഇന്റലിജൻസ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. സമുദ്രത്തിനു മുകളിൽ നിന്ന് ചില അവശിഷ്ടങ്ങൾ ലഭിച്ചെങ്കിലും കടലിനടിയിലും പരിശോധന നടത്താനാണ് തീരുമാനം.
അതേസമയം, വീണ്ടെടുക്കുന്ന അവശിഷ്ടങ്ങൾ ചൈനയ്ക്കു കൈമാറാൻ പദ്ധതിയില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാപഠനത്തിനുള്ള ബലൂണാണിതെന്നും അബദ്ധത്തിൽ അമേരിക്കയുടെ ആകാശത്തു പ്രവേശിച്ചതാണെന്നുമാണു ചൈന പറയുന്നത്. എന്നാൽ ചാരപ്രവർത്തനം തന്നെയാണ് ഉദ്ദേശ്യമെന്ന മറുവാദത്തിൽ ഉറച്ച് നിൽക്കുകയാണ് യുഎസ്.
വടക്കേ അമേരിക്കയിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി നീങ്ങിയ ചൈനയുടെ ചാര ബലൂണാണ് യുഎസ് വ്യോമസേനയുടെ എഫ്-22 വിമാനം വെടിവച്ചിട്ടത്. ഇന്ത്യൻ സമയം ഞായർ പുലർച്ചെ 1.09ന് ആണ് ബലൂൺ വീഴ്ത്തിയത്. തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണു ബലൂൺ പതിച്ചത്.
ബലൂൺ കണ്ടെത്തിയ സംഭവം ചൈന-യുഎസ് ബന്ധത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ഉലച്ചിൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സിവിലിയൻ ആവശ്യങ്ങൾക്കുള്ള ബലൂൺ യുഎസ് പട്ടാളം വെടിവച്ചിട്ടതിൽ കടുത്ത അസംതൃപ്തി ചൈന പ്രകടിപ്പിച്ചിരുന്നു. ബലൂൺ വിഷയത്തെത്തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനീസ് സന്ദർശനം റദ്ദാക്കി.