പെട്രോളിയത്തിനു കേന്ദ്രം ചുമത്തുന്ന സെസിന് എതിരാണ് ഇടതുപക്ഷം: ധനമന്ത്രി
Saturday, February 4, 2023 10:27 PM IST
തിരുവനന്തപുരം: പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേൽ കേന്ദ്രം ചുമത്തുന്ന സെസുകൾക്കും സർചാർജുകൾക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളും ഡീസലും സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ള ഉത്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറി നികുതിക്ക് മേൽ നികുതി എന്ന പേരിൽ സംസ്ഥാനങ്ങളുമായി വീതം വയ്ക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും ചുമത്തുന്നതിൽ യാതൊരു ന്യായവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഒരു ലിറ്റർ പെട്രോളിന്മേൽ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവർധനയുടെ യഥാർത്ഥ കാരണമിതാണ്. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിൽ വരുന്ന ഒരു ഉൽപ്പന്നത്തിന്മേൽ കടന്നു കയറി സർചാർജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിൻവലിക്കേണ്ടത്.
കൂടുതൽ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി എൽഡി എഫ് സർക്കാർ മുന്നോട്ടു പോകും. അതിനുള്ള സമീപന രേഖയാണ് ഈ ബജറ്റെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.