ത്രിപുരയിൽ അടി തുടങ്ങി; സ്വന്തം നിലയിൽ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
Saturday, January 28, 2023 7:03 PM IST
അഗർത്തല: ചിരവൈരികളായ സിപിഎമ്മുമായി ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ത്രിപുരയിൽ മുന്നണി ധാരണ ലംഘിച്ച് കോൺഗ്രസ് സ്വന്തം നിലയിൽ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. സഖ്യം അനുവദിച്ച 13 സീറ്റുകൾക്ക് പകരം 17 മണ്ഡലങ്ങളിലേക്ക് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
60 അംഗ നിയമസഭയിലെ 47 സീറ്റുകളിലേക്കുള്ള "സെക്കുലർ ഡെമോക്രാറ്റിക് ഫോഴ്സ്' സ്ഥാനാർഥിപ്പട്ടിക ഇടത് പാർട്ടികൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഹൈക്കമാൻഡ് അംഗീകാരം ലഭിക്കാത്തതിനാൽ, സഖ്യം അനുവദിച്ച 13 സീറ്റുകളിലേക്കുള്ള കോൺഗ്രസ് പട്ടിക പിന്നീട് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്.
ഇന്ന് വൈകിട്ട് ഡൽഹിയിൽ നിന്ന് പുറത്തുവിട്ട പട്ടികയിൽ ഇടത് പാർട്ടികൾ നേരത്തെ മത്സരാർഥികളെ തീരുമാനിച്ച നാല് മണ്ഡലങ്ങളിലേക്ക് കൂടി കോൺഗ്രസ് സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ നിശ്ചയിച്ചു. ഇതോടെ ബർജല, മജിലിഷ്പൂർ, പബിയാഛേര, രാധാകിഷോർപൂർ എന്നീ മണ്ഡലങ്ങളിൽ മുന്നണിക്ക് രണ്ട് സ്ഥാനാർഥികളായി. കോൺഗ്രസിന് അനുവദിച്ച പേചർഥാൽ സീറ്റിൽ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
തർക്കം രമ്യമായി പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും സിപിഎം വൃത്തങ്ങൾ അറിയിച്ചു. 2019 തെരഞ്ഞെടുപ്പിൽ 56 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. സിപിഎം 21 മണ്ഡലങ്ങളിൽ വിജയിച്ചിരുന്നു.