സിന്ധു നദീ ജല കരാർ പരിഷ്കരിക്കണം; പാക്കിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ
Friday, January 27, 2023 8:24 PM IST
ന്യൂഡൽഹി: സിന്ധു നദീ ജല കരാർ പരിഷ്കരിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യ പാക്കിസ്ഥാന് നോട്ടീസ് അയച്ചു. സിന്ധു നദീ ജല ഉടന്പടിയുടെ ആർട്ടിക്കിൾ 12 (3) പ്രകാരം പരിഷ്കരണം ആവശ്യപ്പെട്ടാണ് ഇന്ത്യ നോട്ടീസ് അയച്ചിരിക്കുന്നത്.
1960ൽ പ്രാബല്യത്തിൽ വന്ന ഉടന്പടിയിൽ പാക്കിസ്ഥാൻ പ്രകടിപ്പിക്കുന്ന ഉദാസീന മനോഭാവമാണ് നോട്ടീസ് അയക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. ഉടന്പടി പാലിക്കുന്നതിൽ പാക്കിസ്ഥാന്റെ നടപടികൾ തിരിച്ചടിയാകുന്നുവെന്നാണ് വാദം.
കരാറിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ലംഘനങ്ങളിൽ 90 ദിവസത്തിനകം ഉഭയകക്ഷി ചർച്ച നടത്തി പരിഹാരം കാണണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. 62 വർഷങ്ങൾ നൽകിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശമെന്ന് ഇന്ത്യ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ലംഘനങ്ങൾ സംബന്ധിച്ച് വിദഗ്ധരോട് അഭിപ്രായം ആരായാനും ഇന്ത്യ തീരുമാനിച്ചു.