പോലീസിന്റെ മാനസിക പീഡനം; യുവാവിന്റെ മൃതദേഹവുമായി സ്റ്റേഷൻ ഉപരോധിച്ചു
Friday, January 27, 2023 7:57 PM IST
കൊല്ലം: പെൺകുട്ടിയെ ശല്യം ചെയ്തെന്ന പരാതിയിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. പോലീസിന്റെ മാനസിക പീഡനം മൂലമാണ് യുവാവ് ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുടുംബം യുവാവിന്റെ മൃതദേഹവുമായി ചവറ സ്റ്റേഷന് മുമ്പിൽ പ്രതിഷേധം നടത്തി.
ചവറ സ്വദേശിയായ അശ്വന്ത്(21) ആണ് മരിച്ചത്. തന്റെ മകളെ ശല്യം ചെയ്തെന്ന് കാട്ടി പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ച അശ്വന്തിനോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു.
ഈ സംഭവങ്ങളിൽ മനംനൊന്ത് അശ്വന്ത് തൂങ്ങിമരിക്കുകയായിരുന്നു. അശ്വന്തും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇയാളെ സ്റ്റേഷനിൽ വിളിപ്പിച്ചതറിഞ്ഞ് യുവതി ഞരന്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായും ഇവരുടെ സുഹൃത്തുക്കൾ വെളിപ്പെടുത്തി.