പാലക്കാട്: ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പൻ പിടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി. ധോണിയിലെ ക്യാമ്പിലേക്കാണ് പിടി സെവനെ കൊണ്ടുപോകുന്നത്. മയക്കുവെടി വച്ച് മൂന്നരമണിക്കൂറിന് ശേഷമാണ് ആനയെ ലോറിയിലേക്ക് കയറ്റാൻ സാധിച്ചത്.

ദൗത്യത്തിന്‍റെ രണ്ടാം ഘട്ടവും വിജയമാണെന്നും ഇനി ആനയെ ധോണിയിലെ ക്യാമ്പിൽ എത്തിച്ച് പ്രത്യേക കൂട്ടിൽ അടയ്ക്കാനുള്ള ശ്രമം മാത്രമാണ് ഉള്ളതെന്നും വനംവകുപ്പ് അറിയിച്ചു. ഞായറാഴ്ച രാവിലെ 7.10 ന് അൻപത് മിറ്റർ ദൂരത്ത് നിന്നാണ് പിടി സെവനെ വെടിവച്ചത്. ഇടത് ചെവിക്ക് താഴെ മുൻ കാലിന് മുകളിലാണ് ആനക്ക് വെടിയേറ്റത്.

ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാൻ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭരതൻ, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളായാണ് പിടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്.

മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.