പിടി സെവൻ ദൗത്യം പുനരാരംഭിച്ചു
Sunday, January 22, 2023 6:07 AM IST
പാലക്കാട്: ജനവാസമേഖലയിൽ ശല്യമുണ്ടാക്കുന്ന കൊമ്പൻ പിടി സെവനെ പിടികൂടാനുള്ള വനം വകുപ്പിന്റെ പ്രത്യേക ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെ വനം വകുപ്പ് ദൗത്യം പുനരാരംഭിച്ചു.
ധോണി കോർമ വനമേഖലയിലുണ്ടെന്ന കരുതുന്ന കൊമ്പനെ തേടി സംഘം വനത്തിലേക്ക് തിരിച്ചു. നിരീക്ഷണം നടത്തിയ ശേഷം അനുകൂല സാഹചര്യം ലഭിച്ചാൽ ആനയെ മയക്കുവെടി വച്ച് തളയ്ക്കും.
ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യസംഘമാണ് ഇന്ന് പുലർച്ചെ പുറപ്പെട്ടത്. കുങ്കിയാനകളുടെ സഹായത്തോടെ സാഹചര്യങ്ങൾ അനുകൂലമാക്കി ആനയെ മയക്കുവെടി വയ്ക്കാനാണ് ശ്രമം.
ആന ചെങ്കുത്തായ സ്ഥലത്ത് നിലയുറപ്പിച്ചതിനാലാണ് ശനിയാഴ്ച മയക്കുവെടിവയ്ക്കാൻ കഴിയാതിരുന്നത്. കനത്ത വെയിലും മയക്കുവെടിവയ്ക്കുന്നതിനു തടസമായി. ചൂടുള്ള സമയത്ത് മയക്കുവെടിവച്ചാൽ ആനയുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഇതും ദൗത്യസംഘം പരിഗണിച്ചു.