ജസിൻഡയ്ക്ക് പകരം ന്യൂസിലൻഡിനെ നയിക്കാൻ ഹിപ്കിൻസ്
Saturday, January 21, 2023 3:01 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആഭ്യന്തര മന്ത്രി ക്രിസ് ഹിപ്കിൻസിന്റെ പേര് നിർദേശിക്കാനൊരുങ്ങി ഭരണകക്ഷിയായ ലേബർ പാർട്ടി. ഞായറാഴ്ച നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഹിപ്കിൻസിനെ നേതാവായി തെരഞ്ഞെടുക്കുമെന്നാണ് സൂചന.
സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച ജസിൻഡ ആർഡേന്റെ മന്ത്രിസഭയിലെ പ്രമുഖ അംഗവും പാർലമെന്ററി പാർട്ടി തലവനുമാണ് ഹിപ്കിൻസ്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന പ്രത്യേക വകുപ്പിന്റെ ചുമതല 2020 നവംബറിൽ ഏറ്റെടുത്ത ഹിപ്കിൻസ് നിലവിൽ വിദ്യാഭ്യാസ, പൊതുഭരണ വകുപ്പുകളും കൈകാര്യം ചെയ്യുന്നുണ്ട്.
44 വയസുകാരനായ ഹിപ്കിൻസ് ആർഡേൺ കഴിഞ്ഞാൽ ലേബർ മന്ത്രിസഭയിലെ ഏറ്റവും ജനപ്രിയനായ നേതാവാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഹിപ്കിൻസിന്റെ പേര് മാത്രമാണ് പാർട്ടി പരിഗണിക്കുന്നത്.
നാല് വയസുകാരനായ മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും കുടുംബജീവിതം ആസ്വദിക്കാനുമായി സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ച്കൊണ്ട് വ്യാഴാഴ്ചയാണ് ജസിൻഡ രാജി പ്രഖ്യാപിച്ചത്.