ലൈംഗിക പീഡന ആരോപണം: ബ്രിജ് ഭൂഷണ് രാജി വച്ചേക്കും
Friday, January 20, 2023 12:08 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് (ഡബ്ല്യുഎഫ്ഐ) അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് രാജിവച്ചേക്കും. വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗീക പീഡന ആരോപണത്തിനു പിന്നാലെയാണ് ബിജെപി നേതാവ് കൂടിയായ ബ്രിജ് ഭൂഷണ് രാജിയ്ക്കൊരുങ്ങുന്നത്.
ഞായറാഴ്ച വിളിച്ചുചേര്‍ത്ത അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ബ്രിജ് ഭൂഷണ് രാജിവച്ചേക്കുമെന്നാണ് സൂചന. ഏതു തരത്തിലുള്ള അന്വേഷണത്തിനും താന്‍ തയാറാണെന്ന് ഡബ്ല്യുഎഫ്ഐ അധ്യക്ഷന്‍ പറഞ്ഞിരുന്നു. ലൈംഗികാതിക്രമം ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു കായികതാരം പോലും മുന്നോട്ട് വന്ന് ഇത് തെളിയിച്ചാല്‍ തൂങ്ങിമരിക്കുമെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു.
ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രക്ഷോഭത്തിലാണ്. ടോക്കിയോ ഒളിമ്പിക്സ് പരാ ജയത്തിന് ശേഷം ബ്രിജ് ഭൂഷണ് തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി. താരങ്ങളുടെ സ്വകാര്യ ജീവിത്തതില്‍ പോലും ഫെഡറേഷന് ഇടപെടുകയാണ്. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു. ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭ വിച്ചാല്‍ അതിന് ഉത്തരവാദി ഗുസ്തി ഫെഡറേഷന് അധ്യക്ഷനായിരിക്കും ഫോഗട്ട് മുന്നറിയിപ്പ് നല്കി.
ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ പുറത്താക്കാതെ ഒരു രാജ്യാന്തര മത്സരങ്ങളിലും തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ബജ്റംഗ് പുനിയ പറഞ്ഞു. ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരാണ്. നേതൃമാറ്റം ആവശ്യമാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ബജ്റംഗ് പുനിയ ആവശ്യപ്പെട്ടു.