സാങ്കേതിക വിദ്യാരംഗത്ത് മൗലിക ആശയങ്ങൾ വികസിപ്പിക്കാൻ കഴിയണം: മുഖ്യമന്ത്രി
Thursday, January 19, 2023 5:36 PM IST
തിരുവനന്തപുരം: സാങ്കേതിക വിദ്യാരംഗത്ത് മൗലിക ആശയങ്ങൾ വികസിപ്പിക്കാൻ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദ്യാരംഗത്ത് നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് മൗലികമായ ആശയങ്ങൾ ഇല്ലാത്തതാണ്. മൗലികമായ ആശയങ്ങളും സോഫ്റ്റ്വെയറുകളും വികസിപ്പിക്കാനും ഈ മേഖലയിൽ ഗവേഷണം ത്വരിതപ്പെടുത്താനും കെൽട്രോണിന് സാധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കെൽട്രോണിന്റെ അമ്പതാം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാങ്കേതികവിദ്യാരംഗത്ത് വിദേശ രാഷ്ട്രങ്ങളുടെ പല ഉൽപ്പന്നങ്ങളും സോഫ്റ്റ്വെയറും ആശയങ്ങളുമാണ് നാം കടമെടുത്ത് പ്രവർത്തിക്കുന്നത്. പല ഉൽപ്പന്നങ്ങൾക്കും പേറ്റന്റ് ഉള്ളതിനാൽ ഇതിനു പരിമിതിയുണ്ട്. ഇത് മറികടക്കാൻ സാധിക്കണം.
മൗലികമായ സാങ്കേതികവിദ്യകളും സോഫ്റ്റ്വെയറുകളും വികസിപ്പിക്കാൻ കെൽട്രോൺ നേതൃത്വം നൽകണം. കെൽട്രോണിന്റെ അരനൂറ്റാണ്ട് ശരിയായ അനുഭവപാഠമായി വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.