പാക്കിസ്ഥാന്റെ "മക്കി', അന്താരാഷ്ട്ര കൊടും ഭീകര പട്ടികയിൽ
വെബ് ഡെസ്ക്
Tuesday, January 17, 2023 12:39 PM IST
ജനീവ: പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്ബ തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ അന്താരാഷ്ട്ര ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി യുഎൻ. ഇന്ത്യയുടെ നിരന്തര ശ്രമത്തിന്‍റെ ഫലമായാണ് മക്കിയെ യുഎൻ സുരക്ഷാ കൗൺസിൽ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
നേരത്തേ, മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ ചൈന എതിർത്തിരുന്നു. മക്കിയെ ഇന്ത്യയും യുഎസും ആഭ്യന്തര നിയമങ്ങൾ പ്രകാരം ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മക്കിയുടെ തലയ്ക്ക് അമേരിക്ക 16 കോടിയാണ് വിലയിട്ടിരിക്കുന്നത്.
ഭീകരവാദ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിലും ജമ്മു കാഷ്മീരിലടക്കം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും മക്കി ഉൾപ്പെട്ടിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്‍റെ ഭാര്യാ സഹോദരനാണ് മക്കി.