ലണ്ടനിൽ ദേവാലയത്തിന് സമീപം വെടിവയ്പ്: ആറ് പേർക്ക് പരിക്ക്
Sunday, January 15, 2023 6:52 AM IST
ലണ്ടൻ: വടക്കൻ ലണ്ടനിലെ യൂസ്റ്റൺ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ദേവാലയത്തിനരികിൽ നടന്ന വെടിവയ്പ്പിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്. വെടിയേറ്റ ഏഴ് വയസുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പ്രദേശത്തെ സെന്റ്. അലോഷ്യസ് റോമൻ കത്തോലിക്കാ ദേവാലയത്തിന് സമീപത്തുള്ള സെമിത്തേരിയിൽ നടക്കുന്ന മൃതസംസ്കാര ചടങ്ങുകൾക്കായി എത്തിയവർക്ക് നേരെ കാറിലെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. കാർ നിർത്താതെ, ജനങ്ങൾക്ക് നേരെ വെടിയുതിർത്ത ഇയാൾ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു.
12 വയസുള്ള ഒരു കുട്ടിക്കും മധ്യവയസ്കരായ സ്ത്രീകൾക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.