"ലീഗിന്‍റേത് നല്ല ബോധം, അത് മനസിലാക്കാനുള്ള ബുദ്ധി കുറച്ചുപേർക്ക് ഇല്ലാതെ പോയി'
സ്വന്തം ലേഖകൻ
Saturday, January 14, 2023 4:45 PM IST
കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തെ പുകഴ്ത്തി ശശി തരൂർ എംപി. ഞങ്ങൾ നന്നായാൽ സമൂഹത്തിൽ മറ്റുള്ളവരും നന്നാകും എന്ന ബോധത്തോടെയാണ് ലീഗ് പ്രവർത്തിക്കുന്നത്. എന്നാൽ അത് മനസിലാക്കാനുള്ള ബുദ്ധി കുറച്ചുപേർക്ക് ഇല്ലാതെ പോയെന്നും തരൂർ ഇ. അഹമ്മദ് അനുസ്മരണ പരിപാടിയിൽ പറഞ്ഞു.
എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്‍റെ രാഷ്ട്രീയഭാവി തീർന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാവിലെ പറഞ്ഞിരുന്നു. ഡൽഹി നായരായിരുന്ന ആൾ ചങ്ങനാശേരിയിൽ എത്തിയപ്പോൾ തറവാടി നായരായി. തറവാടി നായർ എന്നൊക്കെ പരസ്യമായി പറയുന്നത് ശരിയാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
എന്നാൽ തറവാടി നായർ പ്രയോഗത്തിൽ ഒരു കോൺഗ്രസ് നേതാവും പ്രതികരിച്ചതായി കണ്ടില്ല. താനാണ് സമുദായത്തിന്‍റെ പേര് പറഞ്ഞ് ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നതെങ്കിൽ തന്നെ ഇപ്പോൾ ആക്രമിച്ചേനെ. എസ്എൻഡിപിക്കുള്ളിൽനിന്നു തന്നെ വിമർശനം നേരിടേണ്ടി വന്നേനെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൻഎസ്എസിലെ അംഗങ്ങൾ മാത്രം വോട്ട് ചെയ്താൽ ശശി തരൂർ ജയിക്കില്ല. അതുകൊണ്ട് തന്നെ തരൂരിന്‍റെ രാഷ്ട്രീയ ഭാവി തീർന്നു എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.