ഒഡീഷയിൽ വനിതാ ക്രിക്കറ്റ് താരം മരിച്ച നിലയിൽ
Saturday, January 14, 2023 2:05 AM IST
കട്ടക്ക്: ഒഡീഷയില്‍ വനിതാ ക്രിക്കറ്റ് താരത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 26കാരിയായ രാജശ്രീ സ്വയിനെയാണ് കട്ടക്ക് ജില്ലയിലെ കാടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അത്ഗഢ് പ്രദേശത്തെ ഗുരുദിജാട്ടിയ വനത്തിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരി 11 മുതല്‍ രാജശ്രീയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തിന് സമീപത്തുനിന്നും ഇവരുടെ സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമെ സംഭവം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.
പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ദേശീയ തല ടൂർണമെന്റിനായി ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പുരി ജില്ലയിൽ നിന്നുള്ള ഈ ക്രിക്കറ്റ് താരം.
എന്നാൽ ടൂർണമെന്റിനായി തിരഞ്ഞെടുത്ത 16 അംഗ ടീമിൽ ഇടം നേടുന്നതിൽ സ്വയിന് സാധിച്ചിരുന്നില്ല. ടീം അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചതിന് ശേഷം ബുധനാഴ്ച വൈകുന്നേരം അവൾ കരയുന്നത് കണ്ടുവെന്നും താമസിയാതെ ഞങ്ങൾ എല്ലാവരും പരിശീലന സെഷനിൽ പങ്കെടുത്ത ഹോട്ടലിൽ നിന്ന് രാജശ്രിയെ കാണാതാവുകയായിരുന്നുവെന്നും റൂംമേറ്റ് പറഞ്ഞു.
രാജശ്രീയെ ഫോണിൽ ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് കോച്ച് പുഷ്പാഞ്ജലി ബാനർജിയാണ് പോലീസിൽ പരാതി നൽകിയത്.
രാജശ്രീയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചു.