വന്യജീവികൾക്കും ജനനനിയന്ത്രണം? ആലോചനയുമായി വനംവകുപ്പ്
Friday, January 13, 2023 1:50 PM IST
തിരുവനന്തപുരം: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ച സംഭവം ഗൗരവതരമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. സംസ്ഥാനത്ത് പലയിടത്തും വന്യജീവികളുടെ ആക്രമണം പതിവ് സംഭവമാവുകയാണ്. ഇതിന് പരിഹാരം കാണാന്‍ പല നടപടികളും സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മന്ത്രി പറഞ്ഞു.
വനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ അധികമായി മൃഗപെരുപ്പം വര്‍ധിച്ചിട്ടുണ്ട്. വന്യജീവികളുടെ ജനനനിയന്ത്രണം നടത്തുന്നതിനേക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ജനനിയന്ത്രണത്തിനായി ദേശീയതലത്തില്‍ വനംവകുപ്പ് സ്വീകരിച്ച നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ അടിയന്തര ഹര്‍ജി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
മൃഗങ്ങളെ മാറ്റിതാമസിപ്പിക്കുന്നതും കള്ളിംഗ് അടക്കമുള്ള നടപടികളും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. കുരങ്ങന്മാരുടെ വന്ധ്യകരണം ഊര്‍ജിതമാക്കും.
വയനാട്ടിൽ കൂടുതൽ മൃഗഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ആവശ്യമെങ്കില്‍ വയനാട്ടിലേക്ക് ദ്രുതകര്‍മ്മ സേനയെ അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ഭീതിയില്‍ കഴിയുന്നവര്‍ക്ക് അവരുടെ പ്രശ്നത്തിന്റെ ഗൗരവം അധികാരികളെ ബോധ്യപ്പെടുത്താനുള്ള മാര്‍ഗമായി പ്രതിഷേധങ്ങളെ കാണുന്നു. എന്നാല്‍ ഇത് കൈവിട്ട് പോകരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
വന്യമൃഗങ്ങളുമായി മല്ലിടുന്ന കർഷകർക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി കൂട്ടിചേർത്തു.