ഈസ്റ്റർ ആക്രമണം തടയുന്നതിൽ വീഴ്ച; മുൻ ലങ്കൻ പ്രസിഡന്റിന് 10 കോടി രൂപ പിഴ
Friday, January 13, 2023 6:02 AM IST
കൊളംബോ: 2019 ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിന്റെ ഇരകൾക്ക് ശ്രീലങ്കൻ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന നഷ്ടപരിഹാരമായി 10 കോടി ശ്രീലങ്കൻ രൂപ (2.20 കോടി ഇന്ത്യൻ രൂപ) നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ്.
ഭീകരാക്രമണം സംബന്ധിച്ച് സൂചനകളുണ്ടായിട്ടും തടയുന്നതിൽ പരാജയപ്പെട്ടെന്നുകാണിച്ചാണ് നഷ്ടപരിഹാരം നൽകാൻ ഏഴംഗ ബെഞ്ച് ഉത്തരവിട്ടത്. മുൻ പോലീസ് മേധാവി പുജിത് ജയസുന്ദരയും മുൻ ഇന്റലിജൻസ് മേധാവി നിലന്ത ജയവർധനെയും 7.5 കോടി രൂപ വീതവും മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ അഞ്ചുകോടിയും നഷ്ടപരിഹാരമായി നൽകണം.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ 12 പേരാണ് ഹരജി നൽകിയത്. ഇന്ത്യയിൽനിന്ന് വിശദമായ രഹസ്യാന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ വീഴ്ചവരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.