രണ്ട് ഐഎസ് ഭീകരർ കൂടി കർണാടകയിൽ അറസ്റ്റിൽ
Thursday, January 12, 2023 5:32 AM IST
ബംഗളൂരു: ശിവമോഗ ഐഎസ് ഗൂഢാലോചനക്കേസിൽ രണ്ടുപേർകൂടി എൻഐഎയുടെ പിടിയിലായി. മംഗളൂരുവിലെ പെരുമണ്ണൂരിൽ ഹിരാ കോളജിൽനിന്നു മസിൻ അബ്ദുൾ റഹ്മാൻ, ദേവനാഗരി ജില്ലയിലെ ദേവനായകനഹള്ളിയിൽനിന്ന് കെ.എ. നദീം അഹമ്മദ് എന്നിവരാണു പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ പ്രഷർ കുക്കർ ബോംബ് പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ഷരീഖുമായി ഇവർക്കു ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഇന്ത്യയിൽ വേരുറപ്പിക്കാൻ മാസിൻ, നദീം എന്നിവരെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്തത് മാസ് മുനീറും സയ്യദ് യാസിനുമാണെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞവർഷം ശിവമോഗ നഗരത്തിൽ ഹിന്ദുസംഘടനകൾ സവർക്കറുടെ ചിത്രം വച്ചതിനു പിന്നാലെയുണ്ടായ സംഘർഷത്തിനിടെ തുംഗ നദിക്കരയിൽ ബോംബ് സ്ഫോടന പരിശീലനം നടന്നതുമായി ബന്ധപ്പെട്ടാണ് എൻഐഎ അന്വേഷണം നടക്കുന്നത്. കർണാടകയിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതികളും അറസ്റ്റിലായവരിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.