ബഷീറിനെ വിശ്വവിഖ്യാതനാക്കിയ ആർ.ഇ. ആഷർ അന്തരിച്ചു
Wednesday, January 11, 2023 6:45 PM IST
ലണ്ടൻ: മലയാണ്മയുടെ പ്രയോഗങ്ങളെ ലോകസാഹിത്യത്തിന് വിവർത്തനത്തിലൂടെ പരിചയപ്പെടുത്തിയ വിഖ്യാത ഭാഷാപണ്ഡിതൻ ആർ.ഇ. ആഷർ(96) അന്തരിച്ചു. സ്കോട്ലൻഡിലെ എഡിൻബർഗിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
ദ്രാവിഡ ഭാഷകളെക്കുറിച്ചുള്ള അക്കാദമിക പഠനത്തിനായി ഇന്ത്യയിലെത്തിയ ആഷർ, തമിഴ് പഠനത്തിന് ശേഷം മലയാളസാഹിത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബേപ്പൂർ സുൽത്താന്റെ നൊസിൽ ചാലിച്ച കഥകളും തകഴി വരച്ചിട്ട കുട്ടനാടൻ ഭൂമികയും ആഗോളപ്രശസ്തമായി.
ന്റപ്പൂപ്പുക്കാരോനാണ്ടാർന്നു, പാത്തുമ്മയുടെ ആട്, തോട്ടിയുടെ മകൻ, ബാല്യകാലസഖി, സൂഫി പറഞ്ഞ കഥ തുടങ്ങിയ കൃതികൾ ആഷറാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പ്രാദേശിക ഭാഷാപ്രയോഗങ്ങളെ പാശ്ചാത്യലോകത്തിന് പരിചയമുള്ള രീതിയിൽ അവതരിപ്പിക്കുമ്പോഴും മൂലകൃതിയുടെ തനിമ നിലനിർത്താൻ ആഷറിന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.
ബഷീർ, എംടി അടക്കമുള്ള മലയാളത്തിന്റെ പ്രശ്സത കഥാകാരന്മാരുമായി സൗഹൃദം സൂക്ഷിച്ചിരുന്ന ആഷർ ഇവരുടെ വീടുകളിലെ നിത്യസന്ദർശകനായിരുന്നു. തന്റെ കൃതി വിവർത്തനം ചെയ്യാനെത്തി വീട്ടിലെ ഭക്ഷണം കഴിക്കവേ നാടൻ മുളകിന്റെ എരിവ് സഹിക്കാൻ പറ്റാതെ വിഷമിക്കുന്ന ആഷറിനെപ്പറ്റി ബഷീർ ആത്മകഥാംശമുള്ള രചനയിൽ പറഞ്ഞത് സാഹിത്യപ്രേമികൾ എക്കാലവും ഓർമിക്കും.