"പട്ടിണി കിടക്കുന്നവൻ കളി കാണേണ്ട'; കാര്യവട്ടം ടിക്കറ്റ് നിരക്കിനെ ന്യായീകരിച്ച് മന്ത്രി
Sunday, January 8, 2023 7:40 PM IST
തിരുവനന്തപുരം: ജനുവരി 13-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കിനെ ന്യായീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ടെന്നും ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് നിരക്കിനെ വിമർശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വാണിജ്യ നികുതി കുറയ്ക്കേണ്ട ആവശ്യമെന്താണെന്ന് ചോദിച്ച മന്ത്രി, കഴിഞ്ഞ തവണ നികുതി ഇളവ് നൽകിയിട്ടും ജനങ്ങൾക്ക് ഗുണം കിട്ടിയില്ലെന്ന് പറഞ്ഞു. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ മത്സരത്തിന്റെ ടിക്കറ്റ് വരുമാനത്തിൽ നിന്ന് ലഭിച്ച അധിക പണം ബിസിസിഐ കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന് കിട്ടേണ്ട പണം കിട്ടണം; നികുതിപ്പണം കായിക മേഖലയിൽ തന്നെ ഉപയോഗിക്കും. പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട. നികുതിപ്പണം കൊണ്ട് മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.