യുദ്ധത്താൽ മുറിവേറ്റ്; വൻ സാമ്പത്തിക തകർച്ച നേരിട്ട് യുക്രെയ്ൻ
Thursday, January 5, 2023 7:30 PM IST
കീവ്: യുദ്ധം മൂലം വൻ സാമ്പത്തിക തകർച്ച നേരിട്ട് യുക്രെയ്ൻ. 2022-ൽ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണ് യുക്രെയ്നുണ്ടായതെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സാമ്പത്തിക മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) 30.4 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിൽ റഷ്യ ആക്രമണം തുടരുകയാണെങ്കിൽ സാമ്പത്തിക മേഖലയിലെ അപകട സാധ്യതകളും അനിശ്ചിതത്വവും വലിയതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
1991-ൽ സോവിയറ്റ് യൂണിയനിൽ നിന്ന് യുക്രെയ്ൻ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ജിഡിപിയിലെ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് യുക്രെയ്ൻ ധനമന്ത്രി യൂലിയ സ്വിരിഡെൻകോ അറിയിച്ചു. എന്നാൽ പ്രതീക്ഷിച്ചതിലും കുറവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ പ്രതിരോധ സേനയുടെ വിജം, സർക്കാരിന്റെയും ബിസിനസുകളുടെയും ഏകോപിത പ്രവർത്തനം, ജനങ്ങളുടെ തകർക്കാനാവാത്ത മനോഭാവം, തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിലെ വേഗത, കൂടാതെ അന്താരാഷ്ട്ര തലത്തിൽനിന്നുള്ള സാമ്പത്തിക പിന്തുണ എന്നിവ തങ്ങളെ നിലനിർത്തും. വിജയത്തിലേക്കുള്ള മുന്നേറ്റം തുടരുമെന്നും യുക്രെയ്ൻ ധനമന്ത്രി പറഞ്ഞു.