പരന്പര ലക്ഷ്യമിട്ട് ഇന്ത്യ; രണ്ടാം ട്വന്റി-20 ഇന്ന്
Thursday, January 5, 2023 6:45 AM IST
പൂന: ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര സ്വന്തമാക്കാൻ ഹാർദിക് പാണ്ഡ്യയും സംഘവും ഇന്ന് കളത്തിൽ. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. ആദ്യ ട്വന്റി-20യിൽ രണ്ട് റൺസിന് ജയിച്ച ഇന്ത്യക്ക് ഇന്ന് വിജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരന്പര നേടാം.
അതേസമയം, സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ ട്വന്റി-20ക്കിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതാണ് താരത്തിന് വിനയായത്.
സഞ്ജുവിന് പകരക്കാരനായി ജിതേഷ് ശർമയെ ടീമിൽ ഉൾപ്പെടുത്തി. ഐപിഎലിലെ തകർപ്പൻ പ്രകടനമാണ് ജിതേഷിന് നേട്ടമായത്. പഞ്ചാബിനായി കഴിഞ്ഞ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 160+ സ്ട്രൈക്ക് റേറ്റിൽ 234 റൺസാണ് താരം നേടിയത്.