നോട്ടുനിരോധനം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്
Monday, January 2, 2023 11:35 AM IST
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള 58 ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍നിന്ന് രണ്ട് വിധി പ്രസാതവങ്ങളാണ് ഉണ്ടാവുക.
നോട്ട് നിരോധിക്കാനുള്ള തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവുമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജികളില്‍ വിശദമായ വാദം കേട്ട കോടതി നോട്ടുനിരോധിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നിർദേശം നൽകിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രഹസ്യരേഖയായാണ് ഫയലുകള്‍ സമര്‍പ്പിച്ചത്.
നോട്ടുനിരോധനം സാമ്പത്തികനിരോധനവുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ട് മാത്രം ഇക്കാര്യത്തില്‍ കാഴ്ചക്കാരനാകാന്‍ കഴിയില്ലെന്ന് വാദത്തിനിടെ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. റദ്ദാക്കപ്പെട്ട നോട്ടുകള്‍ മാറാന്‍ വീണ്ടും അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിലും കോടതി തീരുമാനമെടുക്കും.
2016 നവംബര്‍ 8ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുന്ന കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.