കരുതലില്ലാതെ കൊച്ചി; ശ്വാസം മുട്ടി ജനം, നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം
Sunday, January 1, 2023 9:38 PM IST
കൊച്ചി: പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചിയില്‍ നടന്ന കൊച്ചിന് കാര്‍ണിവലിലെ തിക്കിലും തിരക്കിലുംപെട്ട് നൂറുകണക്കിന് ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം. ശ്വാസതടസമടക്കം അനുഭവപ്പെട്ടവരെ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ 200 ഓളം പേര് ചികിത്സ കിട്ടാതെ മടങ്ങി.
ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേര് പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാസംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാര്‍ണിവലില്‍ പാപ്പാഞ്ഞിയെ കത്തിച്ചശേഷം പിരിഞ്ഞുപോയ ജനക്കൂട്ടമാണ് തിക്കിലും തിരക്കിലും പെട്ടത്.
തിക്കിലും തിരക്കിലുംപെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കിടത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഓട്ടോയ്ക്ക് മുകളില്‍ കിടത്തിയാണ് ഇവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്കിയതും.
ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ ഞായറാഴ്ച ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. ആളുകള്‍ കൂട്ടമായെത്തിയതോടെ ഡോകടര്‍ക്കും തളര്‍ച്ച നേരിടുന്ന സാഹചര്യവുമുണ്ടായി. ബസ് സര്‍വീസും റോറോയും ആവശ്യാനുസരണം പ്രവര്‍ത്തിച്ചില്ല.