ശിവഗിരി തീർഥാടനം സമത്വ ലോകത്തിന്റെ സന്ദേശം: രാജ്നാഥ് സിംഗ്
Saturday, December 31, 2022 1:27 AM IST
കൊല്ലം: ലോകത്തിനു നൽകുന്ന സമത്വത്തിന്റെ സന്ദേശമാണു ശിവഗിരി തീർഥാടനമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഒരേ വികാരത്തിലും നിറത്തിലും സമഭാവനയിലും ഐക്യത്തിലും തീർഥാടകർ ഒത്തുകൂടുന്നിടമാണു ശിവഗിരി. ഇത് ഇന്ത്യൻ സംസ്കാരത്തിൽ അന്തർലീനമായ മനുഷ്യ സമത്വത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. 90-ാമതു ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തികളുടേയും സമൂഹത്തിന്റെയും സമഗ്രമായ വികസനമാകണം തീർഥാടനങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്കു മൂർത്തരൂപം നൽകാൻ ശിവഗിരി മഠത്തിനു കഴിഞ്ഞിട്ടുണ്ട്.
രാജ്യത്തിന്റെ സാംസ്കാരികവും ആത്മീയവുമായ അവബോധത്തിന്റെ ഊർജമാണു കാശിയെങ്കിൽ ദക്ഷിണേന്ത്യയിൽ വർക്കല ശിവഗിരി ഈ ബോധത്തെ ഇന്ത്യക്കാർക്കിടയിൽ പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിക്കുകയാണ്. വിശ്വാസത്തിന്റെ കേന്ദ്രങ്ങൾ എന്നതിലുപരി സമൂഹത്തിന്റെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നമനത്തിലും തീർഥാടന കേന്ദ്രങ്ങൾ വലിയ സംഭാവന നൽകിയിട്ടുണ്ട്.
എപ്പോഴെല്ലാം ഇന്ത്യൻ സമൂഹം വിവിധ കാരണങ്ങളാൽ ധർമസങ്കടത്തിൽപ്പെടുന്നുവോ അപ്പോഴെല്ലാം ശ്രീനാരായണ ഗുരുവിനെപ്പോലുള്ള സന്യാസികൾ അവബോധ സന്ദേശവുമായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിയിട്ടുണ്ട്.
ശുചീകരണം, വിദ്യാഭ്യാസം, കൃഷി, വ്യാപാരം, വാണിജ്യം, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളിൽ സാധാരണക്കാരിൽ അവബോധം പകർന്നു നൽകാൻ ശ്രീനാരായണ ഗുരു നടത്തിയ ശ്രമങ്ങളും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുമാണ് ഇന്നു സമൂഹത്തിൽ ഈ മേഖലകളിൽ കാണുന്ന വളർച്ചയ്ക്കും വികാസത്തിനും വഴിതെളിച്ചിട്ടുള്ളത്.
സമൂഹത്തിലെ പിന്നാക്കക്കാരും താഴ്ന്നജാതിക്കാരുമായവരോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ഏറെ മഹത്തരമായിരുന്നു. എല്ലാ വിഭാഗം ആളുകളും ഒന്നാണെന്ന ഗുരുവചനങ്ങൾ ജീവിതത്തിൽ എപ്പോഴും പ്രാവർത്തികമാക്കുകയും പ്രചരിപ്പിക്കുകയും വേണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.