"ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചു'; ഒമർ ലുലുവിനെതിരെ കേസ്
Friday, December 30, 2022 7:52 PM IST
കോഴിക്കോട്: "നല്ല സമയം' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ വഴി ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് സംവിധായകൻ ഒമർ ലുലുവിനെതിരെ എക്സൈസ് കേസെടുത്തു. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആണ് ഒമറിനും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ചിത്രത്തിന്റെ ട്രെയിലറിൽ എംഡിഎംഎ അടക്കമുള്ള മാരക ലഹരിവസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിരവധി പരാതികൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ് എന്നിവർക്കെതിരെ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കട്രോപിക് സബ്സ്റ്റൻസസ് ആക്ട്(എൻഡിപിഎസ് ആക്ട് 1985) പ്രകാരം കേസെടുത്ത് നോട്ടീസ് നൽകിയിട്ടുണ്ട്.
ഇർഷാദ് നായകനാകുന്ന ചിത്രം ഇന്ന് ആണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കലന്തൂർ എന്റർടേയ്ൻമെന്റ്സാണ് നിർമാണം.