ലോകം സമാധാനത്തിന്റെ വരൾച്ച നേരിടുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പാ
Monday, December 26, 2022 12:17 PM IST
വത്തിക്കാൻ സിറ്റി: ലോകത്ത് സമാധാനത്തിന്റെ വരൾച്ച നേരിടുന്നുവെന്നും യുക്രെയ്ൻ യുദ്ധമടക്കം എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് നൽകിയ "ഉർബി ഏത്ത് ഒർബി' ക്രിസ്മസ് ആശിർവാദ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
"ലോകമെമ്പാടും സമാധാനം കാംക്ഷിക്കുന്ന കുട്ടികളുടെ മുഖം നമ്മുക്ക് ഓർക്കാം; കൊടും തണുപ്പിൽ വീടുകളിൽ നിന്ന് ഏറെ അകലെ യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന യുക്രെയ്നിയൻ സഹോദരങ്ങളുടെ മുഖവും ഓർക്കാം. പൊള്ളയായ ആഘോഷ വർണങ്ങൾക്കപ്പുറം പാവപ്പെട്ടവർ, ഭവനരഹിതർ, അഭയാർഥികൾ, കുടിയേറ്റക്കാർ എന്നിവർക്ക് ഭക്ഷണവും താമസവും ഒരുക്കാം.
കഷ്ടത അനുഭവിക്കുന്നവർക്ക് ആത്മാർഥമായ സഹായമേകാൻ കർത്താവ് നമ്മെ പ്രേരിപ്പിക്കട്ടെ; അധികാരമുള്ളവരുടെ മനസിൽ തിരിച്ചറിവ് പകർന്ന് ആയുധങ്ങൾ താഴെ വയ്ക്കാനും യുക്തിരഹിതമായ ഈ യുദ്ധം അവസാനിപ്പിക്കാനും സാധിക്കട്ടെ'- പാപ്പാ പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സിറിയ, മ്യാൻമർ, ഹെയ്തി, ഇറാൻ എന്നിവടങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ മറക്കരുതെന്നും ഇസ്രയേൽ - പലസ്തീൻ ചർച്ചകൾ പുനരാരംഭിക്കണമെന്നും പാപ്പാ അറിയിച്ചു.