ഡ്രോൺ മെട്രോ ട്രാക്കിൽ വീണു; ഗതാഗതം നിർത്തിവച്ച് പരിശോധന
Sunday, December 25, 2022 5:33 PM IST
ന്യൂഡൽഹി: മരുന്ന് വിതരണത്തിനായി ഫാർമാ കമ്പനി ഉപയോഗിക്കുന്ന ഡ്രോൺ ട്രാക്കിൽ വീണതിനെത്തുടർന്ന് ഡൽഹി മെട്രോ ഗതാഗതം കുറച്ച് സമയത്തേക്ക് നിർത്തിവച്ചു. മെട്രോയുടെ മജന്ത ലൈൻ പാതയിലാണ് സംഭവം നടന്നത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് ആകാശത്ത് കൂടി നിയന്ത്രിത ഉയരത്തിൽ പറക്കുകയായിരുന്ന ഡ്രോൺ ജസോല വിഹാർ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ വീണത്. അതീവ സുരക്ഷാ മേഖലയായതിനാൽ ജസോല വിഹാർ - ബൊട്ടാണിക്കൽ ഗാർഡൻ റൂട്ടിൽ ഗതാഗതം നിർത്തിവച്ച് പരിശോധന നടത്തി.
പരിശോധനയിൽ ഡ്രോണിൽ ഘടിപ്പിച്ചിരുന്ന സഞ്ചിയിൽ നിന്ന് മരുന്നുകൾ കണ്ടെത്തി. തുടർന്നാണ് ഇത് ഫാർമാ കമ്പനിയുടെ ഡ്രോൺ ആണെന്ന് വ്യക്തമായത്.
മെട്രോ ലൈനുകൾ പോലെയുള്ള അതീവ സുരക്ഷാ മേഖലകൾക്ക് സമീപത്ത് കൂടി ഡ്രോണുകൾ പറപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനകൾക്ക് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.