ശമ്പളം നൽകാതെ പിരിച്ച് വിട്ടെന്ന ആരോപണവുമായി എസ്എൻ കോളജ് അധ്യാപകർ
Tuesday, December 20, 2022 2:21 PM IST
ഇടുക്കി: ശമ്പള കുടിശിക നൽകാതെ അകാരണമായി ജോലിയിൽ നിന്ന് പിരിച്ച് വിട്ടെന്ന ആരോപണമുയർത്തി പാറത്തോട് ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളജിലെ അധ്യാപകരും ജീവനക്കാരും. പണം വാങ്ങി ജോലി നൽകിയ ശേഷം വഞ്ചിച്ചെന്ന് ആരോപിച്ച് എസ്എൻഡിപി യോഗം ഭാരവാഹികൾക്കും മാനേജ്മെന്റിനുമെതിരായി ഇവർ സമരം ആരംഭിച്ചു.
2013-ൽ ആരംഭിച്ച സ്വാശ്രയ കോളജിൽ പണം വാങ്ങി ജോലിയിൽ പ്രവേശിച്ച തങ്ങൾക്ക് കൃത്യമായി ശമ്പളം നൽകിയില്ലെന്നും കാരണം ബോധിപ്പിക്കാതെ പൊടുന്നനേ പിരിച്ച് വിട്ടെന്നുമാണ് ജീവനക്കാർ ആരോപിക്കുന്നത്. 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ നൽകി ജോലിയിൽ പ്രവേശിച്ചവർക്ക് 2019 മുതൽ ശമ്പളം ലഭിക്കുന്നില്ല. ഇതിനെതിരെ പ്രതികരിച്ച ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു.
ജോലിക്കായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ മാനേജ്മെന്റും അടിമാലി എസ്എൻഡിപി യൂണിയനും കൈമലർത്തിയെന്ന് പറഞ്ഞ ജീവനക്കാർ, ഈ തുക തിരികെ നൽകുമെന്ന് വെള്ളാപ്പള്ളി നടേശൻ ഉറപ്പ് നൽകിയതായി അറിയിച്ചു. പണം തിരികെ നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ജീവനക്കാരുടെ നീക്കം.
വേണ്ടത്ര വിദ്യാർഥികളില്ലാത്തതിനാലാണ് കോളജ് നഷ്ടത്തിലായതെന്നും അധ്യാപകരെ വഞ്ചിച്ചിട്ടില്ലെന്നും അടിമാലി എസ്എൻഡിപി യൂണിയൻ പ്രതികരിച്ചു. ഇതിനിടെ നഷ്ടത്തിലായ കോളജ് ഏറ്റെടുക്കുമെന്ന് നടേശൻ അറിയിച്ചു.