മാലാഖച്ചിറകിൽ കുതിക്കാൻ അർജന്റീന; ആദ്യ ഇലവൻ പ്രഖ്യാപിച്ചു
Sunday, December 18, 2022 8:18 PM IST
ദോഹ: കുതിച്ചെത്തുന്ന ഫ്രഞ്ച് പടയെ കടത്തിവെട്ടി മാലാഖച്ചിറകിലേറി വിശ്വകിരീടത്തിലേക്ക് പറന്നിറങ്ങാനൊരുങ്ങി അർജന്റീന. പരിക്ക് മൂലം സെമിയിൽ ഇടം കിട്ടാതിരുന്ന ഏയ്ഞ്ചൽ ഡി മരിയയെ ലോകകപ്പ് ഫൈനലിനുള്ള ആദ്യ 11 ൽ ഉൾപ്പെടുത്തി ആക്രമണമാണ് തങ്ങളുടെ നയമെന്ന് കോച്ച് ലയണൽ സ്കലോണി വ്യക്തമാക്കി.
പ്രധാനപ്പെട്ട അന്താരാഷ്ട്ര പോരാട്ടങ്ങളിൽ നിറംമങ്ങുന്ന താരമെന്ന ആക്ഷേപം ഖത്തറിലെ മിന്നും പ്രകടനം കൊണ്ട് മുക്കിക്കളഞ്ഞ ലയണൽ മെസി നയിക്കുന്ന മുന്നേറ്റ നിരയിൽ ഡി മരിയയ്ക്കൊപ്പം കുട്ടി സ്പൈഡർ ജൂലിയൻ അൽവാരസും ഇടംനേടി.
ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മാൻ കളി മെനയുന്ന മധ്യനിരയിൽ ആധിപത്യം ഉറപ്പിക്കാൻ റോഡ്രിഗോ ഡി പോൾ, മക്അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നീ യുവ പോരാളികളെയാണ് അർജന്റീന രംഗത്തിറക്കിയിരിക്കുന്നത്.
ഗോൾവലയിൽ അസാമാന്യ പ്രകടനം പുറത്തെടുക്കുന്ന എമിലിയാനോ മാർട്ടീനസിന് തുണയായി പ്രതിരോധ നിരയിൽ നിക്കോളാസ് ടാഗ്ലിയാഫികോ, ഒട്ടമെൻഡി, റൊമേരാ, മൊളിന്യ എന്നിവർ അണിനിരക്കും.