ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നു കെസിബിസി
Saturday, December 17, 2022 9:04 PM IST
കൊച്ചി: ബഫർ സോൺ നിർണയവുമായി ബന്ധപ്പെട്ടു ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന സത്വര നടപടികൾ സര്‍ക്കാർ സ്വീകരിക്കണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഡാറ്റയുടെ പിന്‍ബലത്തില്‍ സമീപിച്ചാല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ക്ക് സുപ്രീം കോടതി സന്നദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരള സര്‍ക്കാര്‍ 23 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള 115 പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പരിസ്ഥിതി ലോല മേഖലയിലുള്ള ജനവാസ മേഖലകളെയും അവിടെയുള്ള ഭവനങ്ങള്‍, സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇതര നിര്‍മിതികള്‍, കൃഷിയിടങ്ങള്‍ എന്നിവയുടെ കണക്കെടുക്കാന്‍ റിമോട്ട് സെന്‍സിംഗ് ആൻഡ് എന്‍വയോണ്‍മെന്റ് സെന്ററിനെയാണ് ചുമതലപ്പെടുത്തിയത്.
പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിന്റെ വസ്തുതാ പരിശോധന നേരിട്ട് നടത്തുന്നതിനായി ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് അധ്യക്ഷനായി അഞ്ചംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചു. ഈ സമിതിക്ക് 115 പഞ്ചായത്തുകളിലും നേരിട്ട് എത്തി വസ്തുതാ പരിശോധന നടത്തുന്നതിന് സാവകാശം കിട്ടിയെന്നു കരുതാനാകില്ല. അതിനാല്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ പഠനം നടത്തി സമയബന്ധിതമായി വസ്തുതാ റിപ്പോര്‍ട്ട് തയാറാക്കുന്നത് ജനങ്ങള്‍ക്ക് സഹായകമാകും.
കഴിഞ്ഞ 11നു പ്രസിദ്ധീകരിച്ച റിപ്പോര്ട്ടിന്മേലുള്ള ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി 23 വരെഎന്നത് തീര്‍ത്തും അപ്രായോഗികമാണ്. ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനായി കെസിബിസി നേരത്തെ ആവശ്യപ്പെട്ടപോലെ ഗ്രാമപഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത് 115 പഞ്ചായത്തുകളിലും ആവശ്യമാണ്.
അവിടെയെല്ലാം ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളുമടങ്ങിയ ടാസ്ക് ഫോഴ്സിനെയും ചുമതലപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല, പട്ടയമോ സര്‍വേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളില്‍ കഴിയുന്ന കര്‍ഷകരുടെ വിഷയവും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
വന്യജീവി സങ്കേതങ്ങള്‍ ജനവാസ കേന്ദ്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനർനിര്‍ണയിക്കണം. ഇക്കാര്യം കേന്ദ്ര വൈല്‍ഡ്ലൈഫ് ബോര്‍ഡിനെ ബോധ്യപ്പെടുത്തി സുപ്രീം കോടതി വഴി പ്രശ്നത്തിന് ശാശ്വത പരിഹാരം തേടണമെന്ന ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സര്‍ക്കാര്‍ പരിഗണിക്കണമെന്നും മാർ ക്ലീമിസ് ബാവ പറഞ്ഞു.