വിശ്വപോരാട്ടത്തിന് ഇനിയില്ല; അവസാന ശ്രമമെന്ന് മെസി
Wednesday, December 14, 2022 12:45 PM IST
ദോഹ: 2026 ലോകകപ്പിൽ പങ്കെടുക്കില്ലെന്നും ഞായറാഴ്ച നടക്കുന്ന ഫൈനൽ തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്നും പ്രഖ്യാപിച്ച് ലയണൽ മെസി.
അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങൾ ബാക്കിയുണ്ടെന്നും അതിൽ പങ്കെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും മെസി പറഞ്ഞു. ഫൈനലിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. അവസാന മത്സരം ഫൈനലിൽ കളിച്ച് എന്റെ ലോകകപ്പ് യാത്ര പൂർത്തിയാക്കും. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും മെസി പ്രസ്താവിച്ചു.
2006 മുതലുള്ള ലോകകപ്പുകളിലെ സ്ഥിരം സാന്നിധ്യമായ മെസി, ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന ജർമൻ ഇതിഹാസം ലോഥർ മത്തേയൂസിന്റെ റിക്കാർഡിനൊപ്പം എത്തിക്കഴിഞ്ഞു. ഒരു ഗോളും രണ്ട് അസിസ്റ്റുമായി ക്രൊയേഷ്യയെ നിഷ്പ്രഭരാക്കിയ സെമി പോരാട്ടം മെസിയുടെ 25-ാം ലോകകപ്പ് മത്സരം ആയിരുന്നു.
2014 ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ട മെസിക്ക് എട്ട് വർഷങ്ങൾക്കിപ്പുറം ചരിത്രം രചിക്കാനാവുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.