വിഴിഞ്ഞം സമരം: അതിജീവിക്കാനുള്ള സമ്മർദത്തിന് സന്നദ്ധരാകണമെന്ന് സർക്കുലർ
Saturday, December 10, 2022 9:21 PM IST
തിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖത്തിനെതിരേ നടത്തിയ സമരം പിൻവലിക്കാനായി സർക്കാർ നൽകിയ ഉറപ്പുകൾ ഭാഗികമാണെന്നും അതിനെ അതിജീവിക്കാനുള്ള സമ്മർദത്തിന് ഭാവിയിൽ സന്നദ്ധരാകണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ സർക്കുലർ.
ദീർഘമായ സമരത്തിന് ഒന്നിച്ചു നിൽക്കാനും തളരാതെ മുന്നോട്ടുപോകാനും സാധിച്ചത് വലിയ നേട്ടമാണ്. സമരത്തിന് പിന്തുണ നൽകിയ എല്ലാവർക്കും ഇടയലേഖനത്തിൽ നന്ദി പറയുന്നു.
വിഴിഞ്ഞം വാണിജ്യ തുറമുഖം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി പഠനം തുടരുകയാണ്. 126 മത്സ്യത്തൊഴിലാളികളെ വാദികളാക്കി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പുരോഗമിക്കുന്നു.
104-ാം ദിവസമാണ് സമരം നിർത്തിവച്ചത്. നവംബർ 27,28 തീയതികളിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ നൂറുകണക്കിനു പേർക്ക് മുറിവേൽക്കുകയും അവിടത്തെ സമാധാന അന്തരീക്ഷം തകരുകയും ചെയ്തു. മാത്രമല്ല അനേകർക്കെതിരേ സർക്കാർ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുകയും ചെയ്തു. കൂടുതൽ അനിഷ്ട സംഭവങ്ങൾക്ക് വഴിയൊരുക്കാതിരിക്കാനാണ് സമരം നിർത്തിവച്ചത്.
സമരം നിർത്തിയാൽ മാത്രമേ തുടർ ചർച്ചയുള്ളൂവെന്ന് സെപ്റ്റംബറിൽ മന്ത്രിസഭ ഉപസമിതി അറിയിച്ചു. പിന്നീട് നവംബർവരെ ചർച്ച നടന്നില്ല. കെസിബിസി, കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്സിൽ തുടങ്ങിയവർ ചർച്ചയ്ക്ക് കളമൊരുക്കാൻ ശ്രമിച്ചുവരികയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മലങ്കര കത്തോലിക്കാസഭാ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവയുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് വഴിയൊരുങ്ങിയതെന്നും സർക്കുലറിൽ പറയുന്നു. ഈ സർക്കുലർ ഞായറാഴ്ച പള്ളികളിൽ വായിക്കും.