ഡൽഹിയിൽ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം
Thursday, December 8, 2022 1:11 PM IST
ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഡൽഹി എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം.
ഹിമാചൽപ്രദേശിൽ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായതിന് പിന്നാലെയാണ് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങിയത്. 68 സീറ്റുള്ള ഹിമാചലിൽ കോണ്‍ഗ്രസ് നിലവിൽ 38 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ ഹിമാചലിൽ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുകയായിരുന്നു. ഒരുഘട്ടത്തിൽ ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരികയായിരുന്നു.
എന്നാൽ സംസ്ഥാനത്ത് ആറോളം മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ ലീഡ് ആയിരത്തിൽ താഴെയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ഗുജറാത്തിൽ തകർന്നടിഞ്ഞ കോണ്‍ഗ്രസിന് ഹിമാചലിലെ വിജയം ആശ്വാസമായിരിക്കുകയാണ്. തുടർച്ചയായ ഏഴാം തവണയാണ് ബിജെപി ഗുജറാത്തിൽ അധികാരത്തിൽ എത്തുന്നത്. കഴിഞ്ഞ തവണ 77 സീറ്റിൽ വിജയിച്ച കോണ്‍ഗ്രസിന് ഇത്തവണ നിലവിൽ ലീഡ് 20-ൽ താഴെ സീറ്റുകളിൽ മാത്രമാണ്.