അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജമെന്ന് കണ്ടെത്തൽ
Tuesday, December 6, 2022 11:27 AM IST
കണ്ണൂർ: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലൻ ഷുഹൈബിനെതിരെ ജൂണിയർ വിദ്യാർഥി നൽകിയ റാഗിംഗ് പരാതി വ്യാജമാണെന്ന് വ്യക്തമാക്കി കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ ആന്റി റാഗിംഗ് സമിതി റിപ്പോർട്ട് നൽകി.
നിയമവിദ്യാർഥിയായ അലനെതിരെ ഒന്നാം വർഷ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ ആദിൻ സുബി നൽകിയ റാഗിംഗ് പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതി റിപ്പോർട്ട് നൽകിയത്. പരാതി വിശദമായ അന്വേഷിച്ച സമിതി, യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇരുവരും തമ്മിലുള്ളതെന്നും റാഗിംഗ് നടന്നിട്ടില്ലെന്നും കണ്ടെത്തി.
പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് സുബിയാണെന്നും ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും സമിതി അറിയിച്ചു.