എൻ.എസ്. മാധവന്റെ പുസ്തകവുമായി ഒരു ബന്ധവുമില്ല; ഹിഗ്വിറ്റ വിവാദത്തിൽ സംവിധായകൻ
Friday, December 2, 2022 4:21 AM IST
കൊച്ചി: ഹ്വിഗിറ്റ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിനിമയുടെ സംവിധായകൻ ഹേമന്ത് ജി.നായർ. സിനിമയ്ക്ക് എൻ.എസ്. മാധവന്റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് സംവിധായകൻ പറഞ്ഞു.
പൊളിറ്റിക്കൽ ത്രില്ലറായ സിനിമയുടെ കഥയിൽ പ്രതീകമെന്ന നിലയിലാണ് ഈ പേരിട്ടത്. താൻ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ് എൻ.എസ്. മാധവനെന്നും അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമിക്കുമെന്നും ഹേമന്ത് കൊച്ചിയിൽ പറഞ്ഞു.
2019 ൽ ചിത്രീകരണം തുടങ്ങിയ ചിത്രം ഈ മാസം അവസാനത്തോടെ റിലീസിന് തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഹിഗ്വിറ്റ’. ഹേമന്ത് ജി.നായർ ആണു ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.
രാഷ്ട്രീയക്കാരന്റെ ലുക്കിൽ സുരാജ് എത്തിയ ഈ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണു സിനിമയ്ക്കെതിരേ എഴുത്തുകാരൻ എൻ.എസ്. മാധവൻ രംഗത്തെത്തിയത്.
ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തത്. മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ.
അനേകം തലമുറകൾ അവരുടെ സ്കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെ യത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്', എന്നാണ് എൻ.എസ് മാധവൻറെ ട്വീറ്റ്.
ഇതിന് പിന്നാലെ കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദൻ, എന്.എസ് മാധവനെ പിന്തുണച്ച് പ്രതികരിച്ചിരുന്നു. ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എന്.എസ്. മാധവന്റെ കഥയിലൂടെയാണ്. ആ പേരിൽ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതിൽ അനീതിയുണ്ടെന്ന് സച്ചിദാനന്ദന് പറഞ്ഞത്.