മഹേശന്റെ മരണം: വെള്ളാപ്പള്ളി ഒന്നാം പ്രതി
Thursday, December 1, 2022 10:24 AM IST
ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യോഗം ഭാരവാഹിയായിരുന്ന കെ.കെ. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കെ.എൽ. അശോകൻ രണ്ടാം പ്രതിയും തുഷാർ വെള്ളാപ്പള്ളി മൂന്നാം പ്രതിയുമെന്ന് രേഖപ്പെടുത്തിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മഹേശന്റെ കുടുംബം നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഈ നിർദേശം നൽകിയത്.
2020 ജൂൺ 24-നാണ് എസ്എൻഡിപി യോഗത്തിന്റെ കണിച്ചുകുളങ്ങര ഓഫീസിൽ മഹേശനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുന്പ് മഹേശൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ നടേശൻ, തുഷാർ, അശോകൻ എന്നിവരുടെ പേരുകൾ പരാമർശിച്ചിരുന്നു.
എസ്എൻഡിപി യോഗത്തിന്റെ മൈക്രോ ഫിനാൻസ് പദ്ധതിയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന മഹേശനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് ഇവരാണെന്നാണ് അദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്.