ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങൾ ഇന്ന് മുതൽ
Friday, November 25, 2022 6:18 AM IST
എത്രവേഗമാണ് ഖത്തർ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ ഒരു റൗണ്ട് മത്സരങ്ങൾ കഴിഞ്ഞുപോയത്... രണ്ടാം റൗണ്ട് ഇന്നുമുതൽ തുടങ്ങും എന്ന് കേട്ടപ്പോൾ ഫുട്ബോൾ പ്രേമികളുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. അതെ, ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്നു തുടക്കം.
ഇംഗ്ലണ്ട് x യുഎസ്എ, 12.30 am
ആദ്യ റൗണ്ട് മത്സരങ്ങളിൽ ഫുട്ബോൾ പ്രേമികളെ ഏറ്റവും ത്രില്ലടിപ്പിച്ച ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട് എന്നതിൽ തർക്കമില്ല. ഇറാനെ 2-6 നു കീഴടക്കിയ ഇംഗ്ലണ്ട് ദേ ഇന്നു വീണ്ടും കളത്തിലുണ്ട്. ഇന്ത്യൻ സമയം രാത്രി 12.30ന് ഗ്രൂപ്പ് ബിയിൽ അമേരിക്കയ്ക്ക് എതിരേയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഇറാനെ തകർത്തെറിഞ്ഞ ഇംഗ്ലണ്ട്, അമേരിക്കയെ എങ്ങനെ സമീപിക്കും എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. കാരണം, അമേരിക്ക ചെറിയ മീനല്ല എന്നതുതന്നെ... ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായൊ സാക്ക തുടങ്ങിയ യുവതാരങ്ങളുടെ മിന്നും ഫോം ആണ് ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ടിന്റെ കരുത്ത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ക്രിസ്റ്റ്യൻ പുലിസിച്ച് ആണ് അമേരിക്കയുടെ പോരാട്ടം നയിക്കുന്നത്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു പോരാട്ടത്തിൽ വെയിത്സും ഇറാനും കൊന്പുകോർക്കും. അമേരിക്കയുമായി സമനിലയിൽ പിരിഞ്ഞശേഷമാണ് വെയിത്സ് ഇറാനെതിരേ ഇറങ്ങുന്നത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് കിക്കോഫ്.
നെതർലൻഡ്സ് x ഇക്വഡോർ, 9.30 pm
ഇന്നു നടക്കുന്ന മറ്റൊരു ശ്രദ്ധേയ പോരാട്ടമാണ് നെതർലൻഡ്സും ഇക്വഡോറും തമ്മിലുള്ളത്. ഗ്രൂപ്പ് എയിലെ ആദ്യമത്സരങ്ങളിൽ ഇരുടീമും ജയം സ്വന്തമാക്കിയിരുന്നു. ഇക്വഡോർ 2-0ന് ആതിഥേയരായ ഖാനയെ കീഴടക്കിയപ്പോൾ നെതർലൻഡ്സ് അതേ വ്യത്യാസത്തിൽ സെനഗലിനെ മറികടന്നു. ഗ്രൂപ്പ് എ ചാന്പ്യനെ നിർണയിക്കുന്ന പോരാട്ടമാണ് ഇക്വഡോറും നെതർലൻഡ്സും തമ്മിൽ അരങ്ങേറുക.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഖത്തറും സെനഗലും തമ്മിൽ ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് നടക്കും. ആദ്യമത്സരത്തിലെ തോൽവിയുടെ ആഘാതത്തിൽനിന്ന് കരകയറുകയും നോക്കൗട്ട് സാധ്യത നിലനിർത്തുകയുമാണ് ഇരുടീമിന്റെയും ലക്ഷ്യം.