എന്തിനിത്ര തിടുക്കം?; അരുൺ ഗോയലിന്റെ നിയമനത്തിൽ കേന്ദ്രത്തോട് സുപ്രീംകോടതി
Thursday, November 24, 2022 12:24 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിനെ അടിയന്തര പ്രാധാന്യം നൽകി നിയമിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചപ്പോഴാണ് കോടതി ചോദ്യം ഉന്നയിച്ചത്.
നിയമനത്തിന് എന്തിന് അടിയന്തര പ്രാധാന്യം നല്‍കിയെന്നും യോഗ്യതാടിസ്ഥാനത്തില് പരിഗണിച്ച നാല് പേരില്‍ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്നും ജസ്റ്റീസ് കെ.എം. ജോസഫ് ചോദിച്ചു.
അരുണ്‍ ഗോയലിന്റെ നിയമനം എന്തിനാണ് തിടുക്കപ്പെട്ട് നടത്തിയത്. 18-ാം തീയതി സുപ്രീംകോടതി ഹര്‍ജി പരിഗണിച്ച അന്ന് തന്നെ പ്രധാനമന്ത്രി അരുണ്‍ ഗോയലിന്റെ പേര് നിര്‍ദേശിക്കുകയും നിയമനം നടത്തുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ അടിയന്തര പ്രധാന്യമെന്നും ജസ്റ്റീസ് കെ.എം. ജോസഫ് കേന്ദ്രത്തോട് ആരാഞ്ഞു.
അരുണ്‍ ഗോയല്‍ എന്ന വ്യക്തിക്കെതിരെ ഈ ബെഞ്ചിന് പ്രശ്നമൊന്നുമില്ല. അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണ്. എങ്കിലും ഈ നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, കോടതി ഇത്തരത്തിൽ സംശയം ഉന്നയിക്കുന്നത് ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലേയെന്ന് അറ്റോണി ജനറലും മറുപടി ചോദ്യമുന്നയിച്ചു. എന്നാൽ ബെഞ്ച് കേന്ദ്രത്തിനെതിരാണെന്ന് കരുതേണ്ടെന്ന് അറ്റോർണി ജനറലിന് മറുപടി നൽകി.