തോക്ക്, വ്യാജ ഐഡി, യൂണിഫോം..; യുവാവിനെ സൈന്യത്തിൽ "റിക്രൂട്ട്' ചെയ്ത് പണം തട്ടി
Wednesday, November 23, 2022 11:54 AM IST
ലക്നോ: ടെറിറ്റോറിയൽ ആർമി ബറ്റാലിയനിൽ വ്യാജ "റിക്രൂട്ട്മെന്റ്' നടത്തി യുവാവിനെ ക്യാന്പിലെത്തിച്ച് ശിപായി ജോലി ചെയ്യിപ്പിച്ച മുൻ സൈനികൻ അറസ്റ്റിൽ. 16 ലക്ഷം രൂപ വാങ്ങി മനോജ് കുമാർ എന്ന യുവാവിന് വ്യാജ സൈനിക ജോലി നൽകിയ മീററ്റ് സ്വദേശി രാഹുൽ സിംഗ് എന്നയാളെയാണ് മിലിറ്ററി ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തത്.
പഞ്ചാബിലെ പത്താൻകോട്ട് 272 ട്രാൻസിറ്റ് ക്യാന്പിന്റെ സുരക്ഷാ ചുമതല നിർവഹിക്കുന്ന ടെറിറ്റോറിയൽ ആർമിയുടെ 108 ബറ്റാലിയനിൽ നാല് മാസം ജോലി ചെയ്ത ശേഷമാണ് ഗാസിയാബാദ് സ്വദേശിയായ മനോജ് കുമാറിന് തട്ടിപ്പ് മനസിലായത്.
സൈന്യത്തിലെ ശിപായി റാങ്ക് ഉദ്യാഗസ്ഥനായിരുന്ന സിംഗ്, ഉന്നത ഉദ്യാഗസ്ഥനെന്ന വ്യാജേന പണം വാങ്ങി കുമാറിനെ കബളിപ്പിക്കുകയായിരുന്നു. സൈനിക ക്യാന്പിൽ വച്ച് പാചക പരിശോധന നടത്തിയും വ്യാജ ശാരീരിക ക്ഷമതാ പരീക്ഷ നടത്തിയും കുമാറിന്റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് പണം തട്ടിയത്. യഥാർഥ സൈനിക ജോലി ലഭിച്ചെന്ന് കുമാറിനെ ബോധിപ്പിക്കാനായി വ്യാജ ഐഡി കാർഡും യൂണിഫോമും നൽകിയിരുന്നു.
തുടർന്ന് കുമാറിനെ ക്യാന്പിൽ തന്റെ സെൻട്രി(സഹായി) ആയി സിംഗ് നിയമിക്കുകയും പാചകം, റൈഫിൾ ഏന്തിയുള്ള പാറാവ് തുടങ്ങിയ "ഡ്യൂട്ടികൾ' നൽകുകയും ചെയ്തു. എല്ലാ മാസവും 12,500 രൂപ ശന്പളവും നൽകിയിരുന്നു.
കുമാറിന്റെ ഐഡിയിലും നിയമന രേഖകളിലും സംശയം പ്രകടിപ്പിച്ച ക്യാന്പിലെ മറ്റ് സൈനികർ നൽകിയ വിവരമനുസരിച്ചാണ് മിലിറ്ററി ഇന്റലിജൻസ് അന്വേഷണം നടത്തിയത്. ശാരീരിക അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടി സിംഗ് 2022 ഒക്ടോബറിൽ സൈന്യത്തിലെ ജോലി ഉപേക്ഷിച്ചിരുന്നു.