കോടതി വിധി അനുസരിക്കും, റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കും; വിശദീകരണവുമായി കണ്ണൂര്‍ വിസി
Friday, November 18, 2022 2:50 PM IST
കണ്ണൂര്‍: അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ കോടതി വിധി അനുസരിക്കുമെന്ന് കണ്ണൂര്‍ സർവകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്. കോടതി പറഞ്ഞതുപോലെ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കുമെന്നും വെള്ളിയാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല. പുനഃപരിശോധനയില്‍ ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കും. പ്രിയ വർഗീസിന്റെ ഉൾപ്പെടെയുള്ള റാങ്ക് പട്ടിക പരിശോധിക്കും. പട്ടികയിലുള്ള മൂന്നു പേരുടെയും യോഗ്യത പരിശോധിച്ച് പുതിയ പട്ടിക സിന്‍ഡിക്കേറ്റിനു മുന്നില്‍ സമര്‍പ്പിക്കും.
യോഗ്യത സംബന്ധിച്ച് യുജിസിയോടും വ്യക്തത തേടിയിരുന്നു. എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല. യുജിസി മറുപടി നല്കിയിരുന്നെങ്കില് കാര്യങ്ങള്‍ ഇത്രത്തോളം വഷളാകില്ലായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമന പ്രക്രിയയുമായി മുന്നോട്ടു പോയത്.
ഈ വിധി കണ്ണൂര്‍ സര്‍വകലാശാല മാത്രം ബാധിക്കുന്നതല്ല. എല്ലാ സര്‍വകലാശാലകളിലെയും പ്രിന്‍സിപ്പല്‍ നിയമനം, സ്ഥാനക്കയറ്റം എന്നിവയെ എല്ലാം ബാധിക്കും. സര്‍വകലാശാല ഇതില്‍ അപ്പീല്‍ നല്‍കില്ല. നിയമനടപടികള്‍ക്കായി സര്‍വകലാശാലക്ക് വലിയ പണചെലവ് ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.