കന്നുകാലി രക്ഷ: പാളത്തിന് ഇരുവശവും സുരക്ഷാ വേലികൾ നിർമിക്കാൻ പദ്ധതി
Thursday, November 17, 2022 10:27 PM IST
ന്യൂഡൽഹി: കന്നുകാലികൾ അപകടത്തിൽ പെടുന്നത് തടയാൻ റെയിൽ പാളത്തിന് ഇരുവശവും സുരക്ഷാ വേലികൾ കെട്ടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഏപ്രിൽ ഒന്ന് മുതൽ 2600ൽ അധികം കന്നുകാലികളാണ് ട്രെയിൻ അപകടത്തിൽ പെട്ടത്.
ഉത്തര റെയിൽവേയുടെ നിയന്ത്രണ പരിധിയിൽ വരുന്ന റെയിൽ ട്രാക്കുകളിലാണ് കന്നുകാലി അപകടങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപകടങ്ങൾ കൂടുതലായുണ്ടാകുന്ന ഭാഗങ്ങളിൽ 1,000 കിലോമീറ്റർ ദൈർഘ്യത്തിൽ ആറ് മാസത്തിനകം സുരക്ഷാ വേലികൾ നിർമിക്കുന്നതിനാണ് നീക്കം.
പുതിയതായി സേവനം ആരംഭിച്ച വന്ദേ ഭാരത് ട്രെയിനുകൾ ഉൾപെടെ ഒന്നിലധികം പ്രാവശ്യം ഇത്തരത്തിലുള്ള അപകടങ്ങളിൽ പെട്ടിരുന്നു. ഇക്കഴിഞ്ഞ വർഷത്തിൽ 4,000 ട്രെയിനുകളാണ് സമാനമായ രീതിയിൽ അപകടത്തിലായത്.