മിസോറാം പാറഖനി അപകടം: മരണസംഖ്യ ഉയരുന്നു
Wednesday, November 16, 2022 10:13 AM IST
ഐസ്വാൾ: മിസോറാമിലെ നാതിയാൽ ജില്ലയിൽ പാറഖനി ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ പത്തായി ഉയർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന രണ്ട് പേരുടെ മൃതദേഹം ബുധനാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
നാതിയാൽ ജില്ലയിലെ ഹൈവേ നിർമാണത്തിനായി എബിസിഐ കന്പനി ഖനനം നടത്തുന്ന മേഖലയിലെ 5000 ചതുരശ്ര മീറ്റർ പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ഖനിയിലുണ്ടായിരുന്ന 13 തൊഴിലാളികളിൽ 12 പേർ അപകടത്തിൽപ്പെട്ടിരുന്നു. ഇതിൽ എട്ട് പേരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
ദുരന്തനിവാരണ സേനയ്ക്കൊപ്പം ബിഎസ്എഫ്, ആസാം റൈഫിൾസ് സേനാംഗങ്ങളും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.